Tuesday 4 February 2014

ഫഹദ് ഫാസില്‍ : 25 ചിത്രങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍.

ff
മലയാളികളുടെ നായക സങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ടാണ് ചാപ്പാ കുരിശ് എന്ന സമീര്‍ താഹിര്‍ ചിത്രം കടന്നു വന്നത്. വിഗ്ഗ് വയ്ക്കാത്ത നായകന്‍ മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാല്‍ അത് അത്ഭുതങ്ങളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കം മാത്രമായിരുന്നു. ഫഹദ് ഫാസില്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയ്ക്ക്‌ എന്ത് നല്‍കി എന്ന് ചിന്തിച്ചാല്‍ തീര്‍ച്ചയായും ഒരുപിടി നല്ല ചിത്രങ്ങളും ഒട്ടനേകം അഭിനയ മുഹൂര്‍ത്തങ്ങളും നല്‍കി എന്ന് ആരും നിസംശയം പറയും. ചാപ്പാ കുരിശിലെ അര്‍ജുന്‍,22 ഫീമയില്‍ കോട്ടയത്തിലെ സിറില്‍, ഡയമണ്ട് നെക്ലസ്സിലെ ഡോ. അരുണ്‍ കുമാര്‍, അന്നയും റസൂലും എന്ന പ്രണയകാവ്യത്തിലെ റസൂല്‍, അമേനിലെ സോളമന്‍, ആര്‍ട്ടിസ്സ്റ്റിലെ മൈക്കല്‍ ആഞ്ചലോ, നോര്‍ത്ത് 24 കാതത്തിലെ ഹരികൃഷ്ണന്‍ തുടങ്ങി ഇപ്പോള്‍ തിയെറ്ററുകളില്‍ ഉള്ള ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയകാരന്റെ വേഷം വരെ വ്യത്യസ്തമായ ഒട്ടനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിപ്പിച്ചു കഴിഞ്ഞു ഈ ആലപ്പുഴക്കാരന്‍.
ck
അച്ഛന്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത്‌ എന്ന പരാജയ ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ മലയാളികള്‍ കാണുന്നത് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ മ്രിത്യുന്ജയം എന്ന ഭാഗത്തില്‍. അതിനു ശേഷം പ്രമാണി, കോക്ടെയില്‍,ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍. സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചാപ്പാ കുരിശ് ആണ് ഫഹദിനെ വീണ്ടും നായകനായി അവതരിപ്പിക്കുന്നത്‌. മലയാളത്തിലെ ആദ്യത്തെ ലിപ് ലോക്ക് ചുംബന രംഗവുമായി എത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി എങ്കിലും, ഫഹദ് ഫാസിലിന്റെ അഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
22fk
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനം 'അകം' ആയിരുന്നു ഫഹദിന്റെ അടുത്ത ചിത്രം. അതിനു ശേഷമാണ് 'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' എന്ന വിശേഷണം ഫഹദിന് ചാര്‍ത്തിക്കൊടുത്ത 22 ഫീമെയില്‍ കോട്ടയം തീയേറ്ററുകളില്‍ എത്തുന്നത്. അടുത്തത് മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകന്‍ ലാല്‍ ജോസിനോപ്പം ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം. തമ്മില്‍ സാമ്യം ഉള്ള വേഷങ്ങള്‍ ചെയ്തപ്പോളും ഏതെങ്കിലും ഒരു പ്രത്യേക വേഷത്തില്‍ ഒതുങ്ങിക്കൂടാന്‍ തനിക്കു ആഗ്രഹമില്ല എന്ന് ഫഹദ് തുറന്നു പറഞ്ഞു. അത്ര ഒരുങ്ങി തന്നെയായിരുന്നു ആ തിരിച്ചു വരവ്.
dn
ഫ്രൈഡേ എന്ന ചിത്രം ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായകമായ ഒരു മാറ്റം ആയിരുന്നു. അതിനു ശേഷമാണ് ഏറെ പ്രശസ്തി നേടിയെടുത്ത അന്നയും റസൂലും എന്ന പ്രണയകാവ്യത്തിന്റെ കടന്നുവരവ്. ഫോര്‍ട്ട്‌ കൊച്ചിയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത ചിത്രം മലയാളികളുടെ മനസിലേയ്ക്ക് പ്രിയപ്പെട്ട ഒരു പ്രണയജോടിയെക്കൂടി നല്‍കുകയായിരുന്നു. ഫഹദ് ഫാസിലും ആന്‍ട്രിയ ജെരമിയായും. പരീക്ഷണ ചിത്രങ്ങളോടുള്ള ഫഹദിന്റെ സമീപനം തുറന്നു കാട്ടിയ സിനിമ ആയിരുന്നു വി.കെ.പ്രകാശ് ഒരുക്കിയ 'നത്തോലി ഒരു ചെറിയ മീനല്ല'. ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സലാം ബാപ്പു ഒരുക്കിയ റെഡ് വൈന്‍ എന്ന ചിത്രം മോഹന്‍ലാലിനോടൊപ്പമുള്ള ഫഹദിന്റെ ആദ്യ ചിത്രം ആയി. തന്റേതായ അഭിനയ ശൈലി കൊണ്ട് ഇന്ന് പുതു തലമുറയില്‍ മോഹന്‍ലാലിനു പകരം വയ്ക്കാവുന്ന നടന്‍ എന്ന അഭിപ്രായം ഫഹദ് നേടിയെടുത്തു കഴിഞ്ഞു.
ar
മലയാള സിനിമ ചരിത്രത്തിലെ പുത്തന്‍ അദ്ധ്യായത്തിനു തുടക്കം കുറിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി ആമേന്‍ എന്ന മിസ്റ്റിക് ചിത്രത്തിലൂടെ. അതിലെ സോളമന്‍ ആയി ഫഹദ് ഫാസില്‍ അഭിനയിച്ചു തകര്‍ത്തു. 5 സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ആമി എന്ന സെഗ്മെന്റില്‍ വ്യത്യസ്തമായ ഗെറ്റപ്പും ഭാഷയും ആയി എത്തി വീണ്ടും ഫഹദ് മലയാളികളെ ഞെട്ടിച്ചു. ശ്യാമപ്രസാദിന്റെ അര്ടിസ്റ്റ് കലാമൂല്യമുള്ള ചിത്രങ്ങളും താന്‍ ആഗ്രഹിക്കുന്നു എന്ന ഫഹദിന്റെ തുറന്നുപറച്ചില്‍ ആയി. അന്ധനായ ചിത്രകാരനായി ഫഹദ് മിന്നുന്ന പ്രകടനം തന്നെ കാഴ്ച വെച്ചു. ഇപ്പോള്‍ ഒടുവില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സന്ത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയക്കാരനായും ഫഹദ് ഫാസില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു.
amen
ഇത്രയൊക്കെ പ്രശംസിക്കുമ്പോഴും മലയാളികള്‍ ഈ നടനെ ശരിയായ രീതിയില്‍ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ തക്ക മികവു ഫഹദിന് ഉണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നു. ആക്ഷന്‍ സിനിമകള്‍ ചെയ്യാതെ നല്ല നടന്‍ ആയി അംഗീകരിക്കില്ല എന്നത് മലയാളിയുടെ മാറാത്ത ആസ്വാദന ശൈലിയുടെ കുഴപ്പമാണ്. അവാര്‍ഡുകളും അധികമൊന്നും ഈ നടനെ തേടിപ്പോയിട്ടില്ല. എന്നാല്‍ സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഈ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ നടന്‍. ഇനിയും വ്യത്യസ്തതയാര്‍ന്ന ഒരുപാട് വേഷങ്ങളിലൂടെ മലയാളി മനസുകളെ ആവേശത്തിലാറാടിക്കാന്‍ ഫഹദ് ഫാസില്‍ എന്ന പ്രതിഭയ്ക്ക് കഴിയട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment