Thursday 26 March 2015

ഇതാ ഒരു 'ആള്‍മാറാട്ടക്കാരന്‍' തവള

Picture Credit : Zoological Journal of the Linnean Society

'എക്സ്-മെന്‍' എന്ന ഹോളിവുഡ് ചിത്രത്തിലെ റേവനെ ഓര്‍മയില്ലേ? ആരുടെ രൂപവും സ്വീകരിക്കാവുന്ന, പ്രൊഫസര്‍ എക്സിന്റെ കളിക്കൂട്ടുകാരിയായ, റേവന്‍. റേവനെപ്പോലെ രൂപം മാറാന്‍ കഴിയുന്ന ഒരാളെ ഈയിടെ ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിക്കഴിഞ്ഞു. അതെ, സിനിമകളില്‍ മാത്രം കണ്ടിരുന്ന മ്യൂട്ടന്റുകള്‍ ഇനി യഥാര്‍ത്ഥ ലോകത്തിലും. പറഞ്ഞു വരുന്നതു ഒരു തവളയെക്കുറിച്ചാണ്. ശരീരത്തിലെ പുറം തൊലിയില്‍ സ്വയം വ്യത്യാസങ്ങള്‍ വരുത്താന്‍ കഴിവുള്ള ഈ തവളയുടെ പേര് 'പങ്ക് റോക്കര്‍'(punk rocker). ശാസ്ത്രീയ നാമം പ്രിസ്ടിമാന്റിസ് മ്യൂട്ടബിലിസ്(Pristimantis Mutabilis). സ്വദേശം സൗത്ത് അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോര്‍.

Picture Credit : Zoological Journal of the Linnean Society

വെറും അഞ്ചു മിനിറ്റ് മാത്രം മതി ഈ വിദ്വാന് സംഗതി പൂര്‍ത്തിയാക്കാന്‍. ശത്രുക്കളുടെ കണ്ണില്‍ പെടാതെ എളുപ്പത്തില്‍ മറഞ്ഞിരിക്കാന്‍ വേണ്ടിയാവും ഈ ആള്‍മാറാട്ടം എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് പരീക്ഷിച്ചു ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.  പ്രിസ്ടിമാന്റിസ് വിഭാഗത്തിലെ മറ്റു ചില തവളകളിലും ഇതേ പ്രത്യേകത കണ്ടെത്തിയിട്ടുണ്ട്. ആകെ 470ഓളം ഇനങ്ങള്‍ ഉള്ള ഈ വിഭാഗത്തില്‍, ഗവേഷകര്‍ക്ക്‌ തലവേദന നല്‍കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഇതുപോലെ എല്ലാവര്ക്കും ആള്മാരട്ടം നടത്താന്‍ കഴിവുണ്ടെങ്കില്‍ ഒരേ ഇനം തവളകളെ തന്നെ 2 തവണ രണ്ടു ഇനമായി കരുതി രേഖപെടുത്തിയിട്ടുണ്ടാവും എന്നാണ് ഇവര്‍ കരുതുന്നത്. എന്തൊക്കെയായാലും തവളകളിലെ മ്യൂട്ടന്റ്റ് ഇന്ന് ആളൊരു താരമാണ്. പരിണാമഫലമായി ക്രമേണ ഒരു ദിവസം മനുഷ്യനും ഇതുപോലെ ആള്‍മാറാട്ടം നടത്താനുള്ള കഴിവ് വന്നുചേരുമോ? കാത്തിരിക്കാം. 

Tuesday 24 March 2015

എല്ലാം ജൂപ്പിറ്ററിന്റെ കുസൃതിത്തരങ്ങള്‍!!!


മനുഷ്യന്‍ സാങ്കേതികവിദ്യയുടെ പിന്ബലത്താല്‍ ബഹിരാകാശത്ത് എത്തുന്നതിനും ചന്ദ്രനില്‍ കാല്‍കുത്തുന്നതിനും പ്രപഞ്ചത്തിന്റെ അതിരുകള്‍ തേടി യന്ത്രങ്ങളെ അയക്കുന്നതിനും ഒക്കെ മുന്‍പേ ഭൂമിയിലേതുപോലെ ജീവന്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും ഗ്രഹം ഉണ്ടാവുമോ എന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നെങ്കിലും അന്യഗ്രഹജീവികളുമായി ഒരു ബഹിരാകാശപേടകം ഭൂമിയിലേയ്ക്ക് കടന്നു വരും എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. ഈ വിശ്വാസങ്ങളുടെയും ഭാവനകളുടെയും സ്വാധീനം കഥകളിലും ചലച്ചിത്രങ്ങളിലും എല്ലാം പ്രകടവുമായിരുന്നു. എന്നാല്‍, വെറുതെ ഒരു കൌതുകത്തിനു വേണ്ടി, അല്ലെങ്കില്‍ നമ്മുടെ നിലനില്‍പ്പിനു ഭീഷണിയായി വേറെ ആരും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി, എന്നതിലൊക്കെ അപ്പുറത്തേയ്ക്ക് വളര്‍ന്നുകഴിഞ്ഞു ഈ അന്വേഷണങ്ങളുടെ സാദ്ധ്യതയും പ്രസക്തിയും.
അനുദിനം വര്‍ദ്ധിച്ചുവരുന്ന വരുന്ന ജനസംഖ്യയും ശോഷിച്ചുവരുന്ന വിഭവങ്ങളും മനുഷ്യര്‍ക്ക്‌ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം കണ്ടെത്തുക എന്ന പുതിയ ലക്ഷ്യവും മാനവും ഈ അന്വേഷണങ്ങള്‍ക്ക് കൊടുത്തുകഴിഞ്ഞു. അങ്ങനെയാണ് സൂര്യന് സമാനമായ മറ്റു നക്ഷത്രങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്ന ഗ്രഹസമൂഹങ്ങളില്‍ ഭൂമിക്കു സമാനമായവയെ കണ്ടെത്തുവാനുള്ള ദൌത്യങ്ങള്‍ ആരംഭിച്ചത്. നാസയുടെ പ്രശസ്തമായ കെപ്ലര്‍ ദൌത്യം ഇതുവരെ ആയിരത്തോളം ഗ്രഹങ്ങളെ കണ്ടെത്തുവാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളുന്ന സൗരയൂധങ്ങള്‍ ഒന്നും തന്നെ നമ്മുടേതിനോട് സമാനമല്ല. അവയില്‍ നല്ലൊരു ശതമാനത്തിലും, അവയുടെ സൂര്യനോട് ചേര്‍ന്ന്, 'സൂപ്പര്‍ എര്‍ത്ത്' - ഭൂമിയെക്കാള്‍ വലുപ്പമുള്ളതും വ്യാഴത്തെക്കള്‍ വലിപ്പം കുറഞ്ഞതും ആയ ഗ്രഹങ്ങള്‍- ഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ നമ്മുടെ സൗരയൂഥത്തിലെ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങള്‍ ഭൂമിയെക്കാള്‍ ഏറെ ചെറുതാണ് വലിപ്പത്തിന്റെ കാര്യത്തില്‍. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്നത് വളരെക്കാലങ്ങളായി ശാസ്ത്രലോകത്തെ കുഴക്കിയിരുന്ന ചോദ്യമായിരുന്നു. ഇപ്പോളിതാ ഈ കീറാമുട്ടി ചോദ്യത്തിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് രണ്ടു ശാസ്ത്രഞ്ജന്മാര്‍.



ഇവരുടെ സിദ്ധാന്തം അനുസരിച്ച് അനേകവര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ സൂര്യനെ ചുറ്റിയും ഇതുപോലെയുള്ള സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങള്‍ ഭ്രമണം ചെയ്തിരുന്നു. സൗരയൂഥത്തിലെ ഭീമനായ വ്യാഴത്തിനു ഇടയ്ക്കിടെ നിയമങ്ങള്‍ തെറ്റിച്ചു ഒരു കടന്നു കയറ്റം ഉണ്ടായിരുന്നു സൂര്യന്റെ അടുത്തേയ്ക്ക്. അങ്ങനെയുള്ള ഒരു വരവില്‍, വ്യാഴം സൂര്യനോട് ഏറെ അടുത്ത് വന്നപ്പോള്‍, സൂര്യന് ചുറ്റും ഉണ്ടായിരുന്ന, പിന്നീടു സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങള്‍ ആയി മാറുമായിരുന്ന, ഗ്രഹങ്ങളുടെ സഞ്ചാരഗതികളില്‍ വലിയ മാറ്റം ഉണ്ടാവുകയും, തല്‍ഫലമായി അവ തമ്മില്‍ കൂട്ടിയിടികള്‍ ഉണ്ടാവുകയും ചെയ്തു. ചിതറിയ കഷ്ണങ്ങള്‍ വീണ്ടും മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു ഒരു ചെയിന്‍ റിയാക്ഷന്‍ തന്നെ നമ്മുടെ സൌരയൂഥത്തില്‍ അരങ്ങേറി. ശനിയുടെ ഉത്ഭവ സമയത്ത് ഉണ്ടായ ഗുരുത്വാകര്‍ഷണബലം വ്യാഴത്തെ തിരികെ പഴയ സ്ഥാനത്തേയ്ക്ക് വലിച്ചുനീകി എന്നാണ് ഇവരുടെ അനുമാനം, അങ്ങനെ ആ വന്‍ കൂട്ടിയിടിയില്‍ ഉണ്ടായ അവശിഷ്ടങ്ങളില്‍ പലതും സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പെട്ട് വലിച്ചടുപ്പിക്കപ്പെട്ടു. ബാകി വന്ന ചിന്നഗ്രഹങ്ങള്‍ ആണ് ഇന്ന് നമ്മുടെ ഗ്രഹങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനീയര്‍.



ഭൂമിക്ക് പകരം ഭൂമിയുടെ അതെ സവിശേഷതകള്‍ ഉള്ള ഒരു ഗ്രഹം അന്വേഷിക്കുന്നവര്‍ക്ക് ഒരു വലിയ തിരിച്ചടിയാവും ഈ വാര്‍ത്ത. തങ്ങളുടെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഭൂമിയെപ്പോലെ ഒരു ഗ്രഹം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഈ കണ്ടെത്തല്‍ നടത്തിയ ഗ്രിഗറി ലാഫ്ലിനും കോണ്‍സ്റാന്ടയിന്‍ ബാറ്റിജിനും പറയുന്നത്. എന്നാല്‍, ഒന്നോര്‍ക്കുക. ഇതു ശാസ്ത്രതത്വത്തിന്റെയും നിലനില്‍പ്പ്‌ അതിനു എതിരായി ഒരു വാദമെങ്കിലും തെളിയിക്കപ്പെടുന്നതുവരെ മാത്രമാണ്. ഈ കണ്ടെത്തലും ചിലപ്പോള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാം. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, സൗരയൂഥത്തിലെ മൂത്ത ചേട്ടന്‍ ആയ വ്യാഴത്തിന്റെ ചില ബാല്യകാല കുസൃതികള്‍ ആണ് നാം ജീവിക്കുവാന്‍ തക്കവിധം ഈ ഭൂമിയെ ക്രമീകരിച്ചതിനു പിന്നില്‍. വ്യാഴത്തിന് നന്ദി!

Monday 10 February 2014

ഖാന്‍ അക്കാദമി: അറിയേണ്ടതെല്ലാം

khan academy
നമ്മളില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമായ ഒരു പേര് ആയിരിക്കും ഖാന്‍ അക്കാദമി എന്നത്. ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ടാവും. എന്നാല്‍, ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം. വിദ്യാഭ്യാസ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ പുരോഗമനപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നവരാണ് പൊതുവേ യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും. എന്നാല്‍ സൗജന്യ വിദ്യാഭ്യാസം എന്ന മഹത്തായ ആശയം ധീരമായി നടപ്പാക്കിയ ഖാന്‍ അക്കാദമി എന്ന വെബ്‌സൈറ്റ് ഒരു ഏഷ്യക്കാരന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? സല്‍മാന്‍ ഖാന്‍ എന്ന ആ പാതി ഇന്ത്യക്കാരനെ കുറിച്ചും അയാളുടെ ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതെല്ലാം ഇനി വായിക്കാം.
എന്താണ് ഖാന്‍ അക്കാദമി?
ഖാന്‍ അക്കാദമി എന്നത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നതിനായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. പാക്കിസ്താന്‍കാരനായ സല്‍മാന്‍ ഖാന്‍ എന്ന വ്യക്തി 2006 ലാണ് ഈ മുന്നേറ്റത്തിന് രൂപം നല്‍കുന്നത്. ഗണിതശാസ്ത്രം, ചരിത്രം, ആരോഗ്യം, ധനകാര്യം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ഇക്കണോമിക്സ്‌, കോസ്മോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി നാലായിരത്തോളം ചെറു വീഡിയോകളും ഒരു ലക്ഷത്തോളം മാതൃകാചോദ്യങ്ങളും അടങ്ങുന്ന അതിവിപുലമായ വിജ്ഞാനശേഖരം ആണ് ഖാന്‍ അക്കാദമി നമുക്ക് മുന്നില്‍ തുറന്നുതരുന്നത്.

ആരാണ് സല്‍മാന്‍ ഖാന്‍?
ജനിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയില്‍. അമ്മ കല്‍ക്കട്ടക്കാരി. അച്ഛന്‍ ബംഗ്ലാദേശുകാരന്‍. ലോക പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാത്തമാറ്റിക്സ്, ഇലക്ട്രിക്കല്‍ എന്ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ BS(ബാച്ചിലര്‍ ഓഫ് സയന്‍സ്) ബിരുദം. മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം. ഹാവാര്‍ഡ്‌ ബിസിനസ് സ്കൂളില്‍ നിന്നും എം.ബി.എ. ആള് ചില്ലറക്കാരനല്ല എന്ന് ചുരുക്കം.

sal khan
2003ലാണ് സല്‍മാന്‍ ഖാന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടകുന്നത്. നാദിയ എന്ന തന്റെ കസിനെ ഇന്റര്‍നെറ്റ് വഴി സല്‍മാന്‍ കണക്കു പഠിപ്പിക്കാന്‍ തുടങ്ങി. യാഹൂവിന്റെ ഡൂഡില്‍ നോട്ട്പാഡ് ഉപയോഗിച്ചായിരുന്നു സല്‍മാന്‍ ഇത് ചെയ്തത്. ഇതിനെക്കുറിച്ച്‌ അറിഞ്ഞ മറ്റു ചില കുട്ടികളും സല്‍മാനോട്‌ ഇതേ കാര്യം ആവശ്യപെട്ടു. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി ഇത് ഉപയോഗിക്കാന്‍ എന്തുകൊണ്ട് യൂട്യൂബ് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് സല്‍മാന്‍ ചിന്തിച്ചു. അങ്ങനെ 2006 നവംബര്‍ 16ന് ഖാന്‍ അക്കാദമി എന്ന യൂട്യൂബ് ചാനല്‍ നിലവില്‍ വന്നു.
തന്റെ വീഡിയോകള്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലഭിച്ച ജനപ്രീതിയും അഭിനന്ദനങ്ങളും അതുവരെ അണിഞ്ഞിരുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ കുപ്പായം അഴിച്ചു വെക്കാന്‍ സല്‍മാന്‍ ഖാനെ പ്രേരിപ്പിച്ചു. തന്റെ സുഹൃത്തായ ജോഷ്‌ ജെഫ്നറുമൊത്ത് സല്‍മാന്‍ ഖാന്‍ അങ്ങനെ മുഴുവന്‍ സമയം ഖാന്‍ അക്കാദമിക്ക് വേണ്ടി ചിലവഴിക്കാന്‍ തുടങ്ങി.പിന്നെ സല്‍മാന്‍ ഖാന്റെയും ഖാന്‍ അക്കാദമിയുടെയും വളര്‍ച്ച അതി വേഗം ആയിരുന്നു. 2012ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഈ ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

എങ്ങനെയാണ് ഖാന്‍ അക്കാദമിയുടെ സേവനങ്ങള്‍ ലഭ്യമാവുക?
വിവിധ വിഷയങ്ങിലുള്ള ചെറു വീഡിയോകള്‍ ആദ്യം പുറത്ത് വിട്ടിരുന്നത് യൂട്യൂബ് വഴി ആയിരുന്നു. എന്നാല്‍ ഇന്ന് www.khanacademy.org എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. സ്വന്തം ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് ആര്‍ക്കും ഖാന്‍ അക്കാദമിയില്‍ അംഗത്വം എടുക്കാം. ഫെയ്സ്ബുക്ക് ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡില്‍ നിന്നും നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും പുതിയ വിഷയങ്ങളെ പറ്റി അറിയുവാനും എളുപ്പത്തില്‍ സാധിക്കും.

ആര്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താനാവുക?
കുട്ടികള്‍ക്ക് ഖാന്‍ അക്കാദമി ഒരു ട്യൂഷന്‍ ടീച്ചറിനെപ്പോലെയാണ്. സ്കൂളില്‍ പഠിക്കുന്നതും ഒരുപക്ഷെ അതിനപ്പുറവും അറിയാന്‍, ശരിയായ രീതിയില്‍ മനസിലാക്കുവാന്‍ ഖാന്‍ അക്കാദമി കുട്ടികളെ സഹായിക്കുന്നു. ഖാന്‍ അക്കാദമി ഉപയോഗിക്കുന്ന അധ്യാപകരുടെ എന്നാവും വളരെ അധികമാണ്. ചില സ്ഥലങ്ങളില്‍ ഒരു അധ്യാപനരീതിയായി തന്നെ ഖാന്‍ അക്കാദമി വീഡിയോകളെ ഉപയോഗപ്പെടുത്തുന്നു എന്നത് ഖാന്‍ അക്കാദമിയുടെ സ്വീകാര്യത ആണ് വ്യക്തമാക്കുന്നത്.
പഠനത്തിനു ഒരിക്കലും പ്രായപരിധിയില്ല. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയില്‍ ഇത് എത്രത്തോളം ശരിയാണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജോലി സംബന്ധമായോ അല്ലെങ്കില്‍ നാം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ പറ്റിയോ നാം കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ ശ്രമിക്കുന്നുണ്ടാവം. എന്നാല്‍ ഒരു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി അറിയുവാന്‍ ഒട്ടും താല്പര്യം കാണിക്കാറില്ല എന്നതാണ് സത്യം. അതിനുള്ള അവസരങ്ങളും നമുക്ക് കുറവാണ്. എന്നാല്‍ ഖാന്‍ അക്കാദമിയിലൂടെ ഏതു പ്രായക്കാര്‍ക്കും ഏതു പുതിയ വിഷയവും അനായാസമായി പഠിച്ചുതുടങ്ങാം.

khn
ഖാന്‍ അക്കാദമി ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ അയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളെ തച്ചുടച്ച് പുതിയൊരു അധ്യയന രീതി മുന്നോട്ടുവെച്ചു. ലോകമൊന്നടങ്കം അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇനി മുന്നോട്ടു വരേണ്ടത് നമ്മളാണ്. ഒരു പുതിയ ഭാഷ പഠിക്കുന്നത് തലച്ചോറിനെ ഏറെ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് ഒരു പുതിയ വിഷയം പഠിക്കുന്നതും. എന്നും ഒരേ കാര്യം തന്നെ ചെയ്തു നമ്മുടെ തലച്ചോറിനെ മുരടിക്കാന്‍ വിടാതെ എന്തെങ്കിലും പുതിയ കാര്യം നമുക്കും പഠിച്ചു തുടങ്ങാം. പലപ്പോഴും ക്ലാസ്റൂമും അധ്യാപകരും ആണ് പലര്‍ക്കും ചില വിഷയങ്ങളോട് എതിര്‍പ്പും ഇഷ്ടക്കേടും ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഖാന്‍ അക്കാദമി ഒരിക്കലും നിങ്ങളെ വെറുപ്പിക്കുകയില്ല.പണ്ട് വെറുത്ത കണക്കിനെ നമ്മുക്ക് ഒന്ന് പ്രണയിച്ചു തുടങ്ങാം. കീറാമുട്ടിയായി കണ്ട ഫിസിക്സ് ഇത്ര രസകരം ആയിരുന്നോ എന്നോര്‍ത്ത് അമ്പരക്കാം. അതെ, നമുക്ക് വീണ്ടും പഠിച്ചുതുടങ്ങാം. പരീക്ഷ പാസാവാന്‍ വേണ്ടിയല്ല, പഠനം രസമുള്ള ഒരു ഏര്‍പ്പാടാണ് എന്ന് സ്വയം ബോധ്യപ്പെടാന്‍ നമ്മുക്ക് വീണ്ടും പഠിച്ചു തുടങ്ങാം.

Thursday 6 February 2014

മാഞ്ചസ്റ്ററിന്റെ രക്തപുഷ്പങ്ങള്‍: ഒരോര്‍മ്മ

MU
ഫുട്ബോള്‍ പ്രേമികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണ് 1958 ഫെബ്രുവരി 6. ഫുട്ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനം. വെസ്റ്റ് ജെര്‍മനിയിലെ മ്യൂണിക്കില്‍ നിന്നും പറന്നുയര്‍ന്ന ബ്രിട്ടീഷ്‌ യൂറോപ്യന്‍ എയര്‍വെയ്സിന്റെ 609-ആം നമ്പര്‍ വിമാനം തകര്‍ന്ന് 8 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളും 3 ഒഫീഷ്യലുകളും അടക്കം 23 പേര്‍ മരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിരുന്നു 'Bushy Babes' എന്നറിയപ്പെട്ടിരുന്ന ആ ടീം. ആ വര്ഷം ഇംഗ്ലീഷ് ലീഗ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീം ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതിനു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളിലും കിരീടം നേടിയ അവര്‍ തുടര്‍ച്ചയായി 3 കിരീടം എന്ന റെക്കോര്‍ഡ്‌ നേടും എന്ന് ഫുട്ബാള്‍ ലോകം ഒന്നാകെ ഉറച്ചു വിശ്വസിച്ചിരുന്ന സമയത്താണ് അതിദാരുണമായ ഈ ദുരന്തം അവരെ തേടി എത്തുന്നത്.
ManUtd
മ്യൂണിക്ക് ദുരന്തത്തില്‍ നിന്നും രക്ഷപെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം. ബോബി ചാള്‍ട്ടന്‍. 1984ല്‍ അദ്ദേഹം ക്ലബ്ബിന്റെ ഡയറക്ടര്‍ ആയി. ഇന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടര്‍ ബോബി ചാള്‍ട്ടന്‍ തന്നെ. യുവപ്രതിഭകളുടെ ഒരു മികച്ച കൂട്ടം തന്നെയായിരുന്നു 'Bushy Babes'. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രതിഭയുടെ ഉയരം താണ്ടാന്‍ ആയുസുണ്ടായില്ല എന്നത് വിഷമകരമായ സത്യമാണ്. ഒരുപക്ഷെ ആ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒട്ടനേകം റിക്കാര്‍ഡുകള്‍ കടപുഴകിയേനെ. ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ ഫുട്ബോള്‍ ലോകത്തിനു ലഭിച്ചേനെ. പ്രതിഭയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍,  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരുടെ മനസ്സില്‍, കാല്‍പന്തുകളിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. എന്നും അവര്‍ അവിടെ ഉണ്ടാവുകയും ചെയ്യും.

ഇന്റര്‍നെറ്റിനൊരു പകരക്കാരന്‍: ഔട്ടര്‍നെറ്റ്


രണ്ടു ദിവസമായി ഔട്ടര്‍നെറ്റ് ആണ് ആളുകളുടെ ഇടയില്‍ പ്രധാന ചര്‍ച്ചാവിഷയം. സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന, സൗജന്യമായി വിവരങ്ങള്‍ കണ്ടെത്താനും കൈമാറാനും സാധിക്കുന്ന ഈ സംവിധാനം തീര്‍ച്ചയായും വിവരസാങ്കേതികവിദ്യാരംഗത്തെ ഒരു കുതിച്ചുചാട്ടം ആയി വേണം കരുതാന്‍. മീഡിയ ഡെവലപ്പ്മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(MDIF) എന്ന അമേരിക്കന്‍ കമ്പനിയാണ് 2015ഓടെ ലോകത്താകമാനം സൗജന്യമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും എന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ഔട്ടര്‍നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ്‌ എന്ന വ്യാപകമായി അന്ഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്‍കുന്നുവെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.




എന്താണ് ഔട്ടര്‍നെറ്റ്?
പണം കൊടുത്തു നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ എന്ന അതിവിശാലമായ സംവിധാനത്തിന്റെ എല്ലാ സൗകര്യങ്ങളും ഭൂമിയെ വലയം വെക്കുന്ന നൂറോളം ചെറു സാറ്റലൈറ്റുകളുടെ സഹായത്തോടെ ലോകത്താകമാനമുള്ള ജനങ്ങളിലേയ്ക്ക് സൗജന്യമായി എത്തിക്കുന്ന സംവിധാനമാണ് ഔട്ടര്‍നെറ്റ്. 'Information for the world from the outer space' എന്നതാണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന ആശയം. ഒരുതരത്തില്‍ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസിന് ലിനക്സ്‌ എങ്ങനെ പകരക്കാരന്‍ ആയോ, അതുപോലെ തന്നെയാവും ഇന്‍റര്‍നെറ്റിന് ഔട്ടര്‍നെറ്റും.

ആരാണ് ഔട്ടര്‍നെറ്റിനു പിന്നില്‍?
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളിലെ പത്രമാധ്യമങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ഒരു നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ് MDIF. 1996 മുതല്‍ 2013 വരെ 218 മില്ല്യന്‍ യു.എസ്.ഡോളര്‍ ആണ് ഇവര്‍ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വായ്പയായി നല്‍കിയിട്ടുള്ളത്. ഈ സംഘടനയുടെ ആദ്യ പ്രൊജക്റ്റ്‌ ആണ് ഔട്ടര്നെറ്റ്.

MDIF നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://www.mdif.org/


എന്തൊക്കെ പ്രശ്നങ്ങളാണ് ഔട്ടര്‍നെറ്റ് വഴി പരിഹരിക്കപ്പെടുക?
ലോകത്തിലെ ആളുകളുടെ എണ്ണത്തെക്കാളധികം വൈ-ഫൈ ഡിവൈസുകള്‍ നാം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ 60 ശതമാനത്തിനു മാത്രമേ ഇന്‍റര്‍നെറ്റിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വില ഓരോ വര്‍ഷവും താഴുമ്പോഴും 'ഡേറ്റ' സൗകര്യങ്ങളുടെ ചിലവ് കുറയുന്നില്ല. ഈയടുത്ത കാലത്ത് ഇന്ത്യയിലും ഡേറ്റ പാക്കേജുകളുടെ വിലയില്‍ വര്‍ധന വന്നിരുന്നു. അതുപോലെതന്നെ വന്‍കിട നഗരങ്ങളില്‍ ലഭ്യമാകുന്ന അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇന്നും അന്യമാണ്. ശരിയായി മൊബൈല്‍ സിഗ്നല്‍ പോലും കിട്ടാത്ത ഇടങ്ങള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഈ അസമത്വം ഒഴിവാക്കുവാനും ഔട്ടര്‍നെറ്റിനു കഴിയും. ഇന്‍റര്‍നെറ്റ് നിരോധനം ഉള്ള രാജ്യങ്ങളില്‍ പോലും ആളുകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആവും എന്നാണ് ഔട്ടര്‍നെറ്റിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.


ഡേറ്റ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വഴി ഭീമമായ മാസവാടക നല്‍കാതെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കും. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തോളം വരുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറെ സഹായിക്കുക. വൈഡ് റേഡിയോ തരംഗങ്ങളുപയോഗിച്ച് ഡാറ്റ അയക്കുനന ഡാറ്റ കാസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ആയിരിക്കും ഔട്ടര്‍നെറ്റില്‍ ഉപയോഗപ്പെടുത്തുക. വൈ-ഫൈയിലേയ്ക്കു ഡിജിറ്റല്‍ വിവരശേഖരം നേരിട്ട് ലഭ്യമാക്കുന്നതിലൂടെ എല്ലാ ആളുകള്‍ക്കും ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ആകും.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഫൈബര്‍ ഒപ്ടിക്സ് കേബിളുകള്‍ മുറിഞ്ഞു ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ടുപോകുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഔട്ടര്‍നെറ്റ് വരുന്നതോടെ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ പുറം ലോകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും അതിലൂടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും കഴിയും.
എങ്ങനെയാവും ഔട്ടര്‍നെറ്റ് പ്രവര്‍ത്തിക്കുക?
ഭൂമിയോട് ചേര്‍ന്നുള്ള ഒരു ഭ്രമണപഥത്തില്‍ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ചെറു സാറ്റലൈറ്റുകളുടെ ഒരു കൂട്ടം ആണ് ഔട്ടര്‍നെറ്റിന്റെ അടിസ്ഥാനം. ഭൂമിയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന റേഡിയോ സ്റ്റേഷനുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഈ സാറ്റലൈറ്റുകള്‍ തമ്മില്‍ കൈമാറിക്കൊണ്ടേയിരിക്കും. ഏറ്റവും മെച്ചപ്പെട്ട ഫലം ലഭ്യമാക്കുവാന്‍ വേണ്ടി വൈ-ഫൈ മള്‍ട്ടികാസ്റിംഗ് എന്ന അതിനൂതന സംവിധാനം ആയിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടില്ല എങ്കിലും ഈ സംവിധാനം വളരെ കാര്യക്ഷമത ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.


ലോകത്താകമാനമുള്ള ആളുകളുടെ സഹകരണത്തോടെ ആവും ഔട്ടര്‍നെറ്റില്‍ ലഭ്യമാക്കേണ്ട വിവരങ്ങളുടെ പ്രാധാന്യം തീരുമാനിക്കപെടുക. എസ്.എം.എസ്. വഴിയും മൊബൈല്‍ ആപ്പളിക്കേഷന്‍ വഴിയും ആളുകള്‍ക്ക് ഇതില്‍ പങ്കാളികള്‍ ആവാം. ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലൂടെയും ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.ചുരുക്കത്തില്‍, ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തത് മൂലം ലോകത്ത് നടക്കുന്ന പുതിയ വിശേഷങ്ങളും ക്രിയാത്മകമായ മുന്നേറ്റങ്ങളും ആരും അറിയാതെ പോകരുത് എന്നതാണ് ഈ സംവിധാനത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.
കാര്യങ്ങള്‍ തീരുമാനിച്ചത് പോലെ നടന്നാല്‍ 2015 ജൂണ്‍ മാസത്തോടെ ഔട്ടര്‍നെറ്റ് നിലവില്‍ വരും എന്നാണ് കരുതുന്നത്.
എന്താണ് നമ്മുക്ക് ചെയ്യുവാനുള്ളത്?
പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് ഔട്ടര്‍നെറ്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാവുക. വിവരസാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടം എന്ന നിലയില്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ ആണ് ഈ സംരംഭത്തെ നോക്കിക്കാണുന്നത്. സാമ്പത്തികമായി സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔട്ടര്‍നെറ്റ് വെബ്‌സൈറ്റിലൂടെ അതിന് അവസരമുണ്ട്. ഔട്ടര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് നിങ്ങള്ക്ക് നിര്‍ദേശിക്കുകയും ചെയ്യാം.


മഹത്തായ ഒരു ആശയം ആണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. എന്നാല്‍, ഇത് ഒരു ചെറിയ പരിശ്രമം അല്ല താനും.അനേകം ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് വിജയത്തില്‍ എത്തിക്കാന്‍ സാധിക്കൂ. നമ്മള്‍ മലയാളികള്‍ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ട്. പുതിയ കാര്യങ്ങളെ പറ്റി അറിയുവാനും അതിനെ പറ്റി സംവാദങ്ങള്‍ നടത്തുവാനും നമ്മുക്ക് അതിയായ താല്പര്യമുണ്ട്. എന്നാല്‍, നമ്മുടെ അഭിപ്രായങ്ങള്‍ ശരിയായ സ്ഥലത്ത് പറയുന്നതില്‍ നാം പലപ്പോഴും പിന്നോട്ടാണ്. ഈ സാങ്കേതിക വിദ്യ തീര്‍ച്ചയായും നാളത്തെ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പുള്ളതാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ നിങ്ങള്ക്ക് മുന്നോട്ടു വയ്ക്കുവാന്‍ ഉണ്ടെങ്കില്‍ അതിനായി ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക. ഔട്ടര്‍നെറ്റ് അതിന്റെ ഫലപ്രാപ്തിയില്‍ എത്തട്ടെ. വിവര കൈമാറ്റ-വിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കാന്‍ അതിനു കഴിയട്ടെ.
ഔട്ടര്‍നെറ്റിന്റെ വെബ്‌പേജ് സന്ദര്‍ശിക്കുവാന്‍: https://www.outernet.is/
ഔട്ടര്‍നെറ്റിനെ പറ്റിയുള്ള സംശയങ്ങള്‍ക്കും നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും: https://discuss.outernet.is/

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday 4 February 2014

ഫഹദ് ഫാസില്‍ : 25 ചിത്രങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍.

ff
മലയാളികളുടെ നായക സങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ടാണ് ചാപ്പാ കുരിശ് എന്ന സമീര്‍ താഹിര്‍ ചിത്രം കടന്നു വന്നത്. വിഗ്ഗ് വയ്ക്കാത്ത നായകന്‍ മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാല്‍ അത് അത്ഭുതങ്ങളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കം മാത്രമായിരുന്നു. ഫഹദ് ഫാസില്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയ്ക്ക്‌ എന്ത് നല്‍കി എന്ന് ചിന്തിച്ചാല്‍ തീര്‍ച്ചയായും ഒരുപിടി നല്ല ചിത്രങ്ങളും ഒട്ടനേകം അഭിനയ മുഹൂര്‍ത്തങ്ങളും നല്‍കി എന്ന് ആരും നിസംശയം പറയും. ചാപ്പാ കുരിശിലെ അര്‍ജുന്‍,22 ഫീമയില്‍ കോട്ടയത്തിലെ സിറില്‍, ഡയമണ്ട് നെക്ലസ്സിലെ ഡോ. അരുണ്‍ കുമാര്‍, അന്നയും റസൂലും എന്ന പ്രണയകാവ്യത്തിലെ റസൂല്‍, അമേനിലെ സോളമന്‍, ആര്‍ട്ടിസ്സ്റ്റിലെ മൈക്കല്‍ ആഞ്ചലോ, നോര്‍ത്ത് 24 കാതത്തിലെ ഹരികൃഷ്ണന്‍ തുടങ്ങി ഇപ്പോള്‍ തിയെറ്ററുകളില്‍ ഉള്ള ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയകാരന്റെ വേഷം വരെ വ്യത്യസ്തമായ ഒട്ടനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിപ്പിച്ചു കഴിഞ്ഞു ഈ ആലപ്പുഴക്കാരന്‍.
ck
അച്ഛന്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത്‌ എന്ന പരാജയ ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ മലയാളികള്‍ കാണുന്നത് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ മ്രിത്യുന്ജയം എന്ന ഭാഗത്തില്‍. അതിനു ശേഷം പ്രമാണി, കോക്ടെയില്‍,ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍. സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചാപ്പാ കുരിശ് ആണ് ഫഹദിനെ വീണ്ടും നായകനായി അവതരിപ്പിക്കുന്നത്‌. മലയാളത്തിലെ ആദ്യത്തെ ലിപ് ലോക്ക് ചുംബന രംഗവുമായി എത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി എങ്കിലും, ഫഹദ് ഫാസിലിന്റെ അഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
22fk
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനം 'അകം' ആയിരുന്നു ഫഹദിന്റെ അടുത്ത ചിത്രം. അതിനു ശേഷമാണ് 'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' എന്ന വിശേഷണം ഫഹദിന് ചാര്‍ത്തിക്കൊടുത്ത 22 ഫീമെയില്‍ കോട്ടയം തീയേറ്ററുകളില്‍ എത്തുന്നത്. അടുത്തത് മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകന്‍ ലാല്‍ ജോസിനോപ്പം ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം. തമ്മില്‍ സാമ്യം ഉള്ള വേഷങ്ങള്‍ ചെയ്തപ്പോളും ഏതെങ്കിലും ഒരു പ്രത്യേക വേഷത്തില്‍ ഒതുങ്ങിക്കൂടാന്‍ തനിക്കു ആഗ്രഹമില്ല എന്ന് ഫഹദ് തുറന്നു പറഞ്ഞു. അത്ര ഒരുങ്ങി തന്നെയായിരുന്നു ആ തിരിച്ചു വരവ്.
dn
ഫ്രൈഡേ എന്ന ചിത്രം ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായകമായ ഒരു മാറ്റം ആയിരുന്നു. അതിനു ശേഷമാണ് ഏറെ പ്രശസ്തി നേടിയെടുത്ത അന്നയും റസൂലും എന്ന പ്രണയകാവ്യത്തിന്റെ കടന്നുവരവ്. ഫോര്‍ട്ട്‌ കൊച്ചിയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത ചിത്രം മലയാളികളുടെ മനസിലേയ്ക്ക് പ്രിയപ്പെട്ട ഒരു പ്രണയജോടിയെക്കൂടി നല്‍കുകയായിരുന്നു. ഫഹദ് ഫാസിലും ആന്‍ട്രിയ ജെരമിയായും. പരീക്ഷണ ചിത്രങ്ങളോടുള്ള ഫഹദിന്റെ സമീപനം തുറന്നു കാട്ടിയ സിനിമ ആയിരുന്നു വി.കെ.പ്രകാശ് ഒരുക്കിയ 'നത്തോലി ഒരു ചെറിയ മീനല്ല'. ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സലാം ബാപ്പു ഒരുക്കിയ റെഡ് വൈന്‍ എന്ന ചിത്രം മോഹന്‍ലാലിനോടൊപ്പമുള്ള ഫഹദിന്റെ ആദ്യ ചിത്രം ആയി. തന്റേതായ അഭിനയ ശൈലി കൊണ്ട് ഇന്ന് പുതു തലമുറയില്‍ മോഹന്‍ലാലിനു പകരം വയ്ക്കാവുന്ന നടന്‍ എന്ന അഭിപ്രായം ഫഹദ് നേടിയെടുത്തു കഴിഞ്ഞു.
ar
മലയാള സിനിമ ചരിത്രത്തിലെ പുത്തന്‍ അദ്ധ്യായത്തിനു തുടക്കം കുറിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി ആമേന്‍ എന്ന മിസ്റ്റിക് ചിത്രത്തിലൂടെ. അതിലെ സോളമന്‍ ആയി ഫഹദ് ഫാസില്‍ അഭിനയിച്ചു തകര്‍ത്തു. 5 സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ആമി എന്ന സെഗ്മെന്റില്‍ വ്യത്യസ്തമായ ഗെറ്റപ്പും ഭാഷയും ആയി എത്തി വീണ്ടും ഫഹദ് മലയാളികളെ ഞെട്ടിച്ചു. ശ്യാമപ്രസാദിന്റെ അര്ടിസ്റ്റ് കലാമൂല്യമുള്ള ചിത്രങ്ങളും താന്‍ ആഗ്രഹിക്കുന്നു എന്ന ഫഹദിന്റെ തുറന്നുപറച്ചില്‍ ആയി. അന്ധനായ ചിത്രകാരനായി ഫഹദ് മിന്നുന്ന പ്രകടനം തന്നെ കാഴ്ച വെച്ചു. ഇപ്പോള്‍ ഒടുവില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സന്ത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയക്കാരനായും ഫഹദ് ഫാസില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു.
amen
ഇത്രയൊക്കെ പ്രശംസിക്കുമ്പോഴും മലയാളികള്‍ ഈ നടനെ ശരിയായ രീതിയില്‍ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ തക്ക മികവു ഫഹദിന് ഉണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നു. ആക്ഷന്‍ സിനിമകള്‍ ചെയ്യാതെ നല്ല നടന്‍ ആയി അംഗീകരിക്കില്ല എന്നത് മലയാളിയുടെ മാറാത്ത ആസ്വാദന ശൈലിയുടെ കുഴപ്പമാണ്. അവാര്‍ഡുകളും അധികമൊന്നും ഈ നടനെ തേടിപ്പോയിട്ടില്ല. എന്നാല്‍ സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഈ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ നടന്‍. ഇനിയും വ്യത്യസ്തതയാര്‍ന്ന ഒരുപാട് വേഷങ്ങളിലൂടെ മലയാളി മനസുകളെ ആവേശത്തിലാറാടിക്കാന്‍ ഫഹദ് ഫാസില്‍ എന്ന പ്രതിഭയ്ക്ക് കഴിയട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫെയ്സ്ബുക്കിന് പത്താം പിറന്നാള്‍




03

ഫെയ്സ്ബുക്ക്‌ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാനാവുമോ? നമ്മില്‍ പലരും ഉണരുന്നത് തന്നെ ഫെയ്സ്ബുക്കിന് മുന്നിലെയ്ക്കാണ്. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കൂട്ടായ്മയ്ക്ക് ഇന്ന് 10 വയസ്സ് തികയുന്നു. ഹാവാര്‍ഡിലെ ഒരു ചെറിയ മുറിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2004 ഫെബ്രുവരി നാലാം തീയതി ആണ് ഫെയ്സ്ബുക്ക് പിറവി കൊള്ളുന്നത്‌. ലോകത്തെ കൂടുതല്‍ വിശാലവും പരസ്പര ബന്ധിതവും ആക്കുക എന്നതാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം എന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബെര്‍ഗ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫെയ്സ്ബുക്ക് അതിന്റെ ദൌത്യം ശരിയായി തന്നെ നിറവേറ്റി എന്ന് നിസംശയം പറയാം.
mark
പത്തു വര്ഷം കൊണ്ട് 1.23 ബില്ല്യന്‍ ആളുകളാണ് ഫെയ്സ്ബുക്കില്‍ അംഗത്വം എടുത്തിട്ടുള്ളത്. ഏതാണ്ട് ഇന്ത്യയുടെ ജനസംഖ്യയോളം വരും ഇത്. ഇന്‍റര്‍നെറ്റില്‍ ആളുകള്‍ ആകെ ചിലവഴിക്കുന്നതിന്റെ 20 ശതമാനം ഫെയ്സ്ബുക്കിനു വേണ്ടി ആണെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പരസ്യങ്ങള്‍ വരുന്നതും ഫെയ്സ്ബുക്കില്‍ തന്നെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഫെയ്സ്ബുക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ലോകത്തിന്റെ എല്ലാ കോണുകലിലേയ്ക്കും ജോലി തേടി ചിതരിക്കപ്പെട്ടിട്ടുള്ള വേറെ ഒരു ജനവിഭാഗവും ഉണ്ടാവില്ല. അകലെ ആയിരിക്കുമ്പോഴും പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനും ഫെയ്സ്ബുക്ക് തന്നെയാണ് എല്ലാവരുടെയും ആശ്രയം.
മലയാളിയെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ഓര്‍ക്കുട്ട് ആണെങ്കില്‍ അത് ജീവിതത്തിലെ പ്രധാന ഭാഗമാക്കി മാറ്റിയത് ഫെയ്സ്ബുക്ക് ആണ്. അതുകൊണ്ട് തന്നെയാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാനോട് ക്രിക്കറ്റ് കളി തോല്‍ക്കുമ്പോള്‍ എന്നപോലെ നാം ആകുലരാകുന്നത്. ഫെയ്സ്ബുക്ക് ഇനിയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറട്ടെ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും സൗഹൃദങ്ങള്‍ കണ്ണി മുറിയാതെ കാക്കുക എന്ന വലിയ നേട്ടത്തിന് മുന്നില്‍ അതെല്ലാം പഴങ്കഥകളായി മാറുന്നു. ഉറ്റ സുഹൃത്തിന്റെ ജന്മദിനം കൊണ്ടാടുന്നപോലെ നമ്മുക്കും ആഘോഷിക്കാം. ഇനിയും സൌഹൃദങ്ങള്‍ക്ക് തണലും താങ്ങുമായി ഫെയ്സ്ബുക്ക് നമ്മുടെ കൂടെ ഉണ്ടാവട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.